സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെങ്കിലും ഫെയ്സ്ബുക്കിന്റെ ഓരോ നീക്കവും സംശയത്തോടെ വീക്ഷിച്ചു തുടങ്ങിയത് ഈയിടെയാണ്. ഒടുവില്‍ നമ്മുടെ ഓരോ ചലനവും രേഖപ്പെടുത്തുന്ന ആക്ടിവിറ്റി ട്രാക്കിങ് ആപ്പ് ആയ മൂവ്സിന്റെ ഏറ്റെടുക്കല്‍വരെ. നമ്മളറിയാതെ നമ്മളെ പിന്തുടരാനുള്ള തന്ത്രം വെറും സംശയമല്ലെന്ന് ലോകത്തിന് തോന്നിത്തുടങ്ങിയത് മൂവ്സിന്റെ പ്രൈവസി പോളിസിയില്‍ ഫെയ്സ്ബുക്ക് വെള്ളം ചേര്‍ത്തതോടെയാണ്.

നമ്മുടെ നടത്തവും ഓട്ടവും ബൈക്ക്- കാര്‍ യാത്രകളും യാത്ര ചെയ്ത വഴിയുംവരെ നമ്മളറിയാതെ രേഖപ്പെടുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരുന്ന ആപ്പാണ് മൂവ്സ്.

നാല്‍പ്പതുലക്ഷം ഉപയോക്താക്കളുള്ള മൂവ്സ് ഏറ്റെടുത്തപ്പോള്‍ അതിനെ നിലവിലുള്ളപോലെ തന്നെ കാത്തു സൂക്ഷിച്ചോളാമെന്നായിരുന്നു ഫെയ്സ്ബുക്ക് ഉറപ്പു നല്‍കിയത്. നിലവിലുള്ള സ്വകാര്യതയ്ക്ക് ഒരു ഭംഗവുമുണ്ടാകില്ല എന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തു.

പറയുമ്പോള്‍ ആ ഉറപ്പിന് ഇപ്പോഴും കുറവൊന്നുമില്ല. കൂടുതല്‍ ആലോചിച്ചാല്‍ ആ ഉറപ്പ് വെറും തട്ടിപ്പാണെന്നു മനസ്സിലാകും.നമ്മുടെ സ്മാര്‍ട്ട്‌ഫോണിന്റെ പിന്നാമ്പുറത്ത് ജിപിഎസിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച് മൂവ്സ് ഓരോ ചലനവും സമയം സഹിതം രേഖപ്പെടുത്തി വെയ്ക്കും. ആ വിലപിടിച്ച വ്യക്തിഗത വിവരങ്ങള്‍ ഇനിമുതല്‍ ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനിയുടെ മറ്റ് സേവനങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുമെന്ന വ്യവസ്ഥയാണ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയില്‍ ചേര്‍ത്തത്. മൂന്നാമതൊരാള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നല്ല ഉറപ്പും നല്‍കിയിട്ടുണ്ട്.

ഫെയ്സ്ബുക്കിലെ അംഗങ്ങളില്‍നിന്ന് മൂവ്സ് ഉപയോക്താക്കളെ കണ്ടെത്താന്‍ ഈ വ്യക്തിഗത വിവരങ്ങളുപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതായത് 128 കോടി അംഗങ്ങളുള്ള സാമാന്യം വലിപ്പമുള്ള ഒരു വെര്‍ച്വല്‍ രാജ്യമായ ഫെയ്സ്ബുക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ച ശേഷം ഡാറ്റ വേറെ ആര്‍ക്കും നല്‍കില്ല എന്നു പറയുന്നത് നല്ല ഒന്നാം തരം തമാശയായി ആസ്വദിക്കാം. സോഷ്യല്‍ മീഡിയയുമായി ഈ വ്യക്തിഗത വിവരങ്ങള്‍ ഷെയര്‍ ചെയ്യില്ലെന്ന ഉറപ്പ് ഏറ്റെടുത്ത് ദിവസത്തിനുള്ളില്‍ തന്നെ തെറ്റിച്ചു.

പുതിയ ഏറ്റെടുക്കലുകളുടെ വെളിച്ചത്തില്‍ ഫെയ്സ്ബുക്കിന്റെ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവരസാങ്കേതിക ലോകത്ത് ചൂടുള്ള വിഷയമായിട്ടുണ്ട്. മാര്‍ച്ചിലാണ് 200 കോടി ഡോളര്‍ കൊടുത്ത് ഒക്യുലസ് എ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സൈറ്റ് കമ്പനി അവര്‍ സ്വന്തമാക്കിയത്. അതിനു പിന്നാലെ മൈന്‍ക്രാഫ്റ്റ് ഗെയിമിന്റെ നിര്‍മാതാവ് സ്വീഡിഷ് പ്രോഗ്രാമറായ മാര്‍ക്കസ് നോച് ഒക്യുലസുമയി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. സ്വകാര്യതയായിരുന്നു കാരണം.

1900 കോടി ഡോളര്‍ മുടക്കി ലോകോത്തര മൊബൈല്‍ മെസേജിങ് സംവിധാനമായ വാട്സ് ആപ്പിനെ സ്വന്തമാക്കിയപ്പോഴും വ്യക്തിഗത വിവരങ്ങളിലേക്കുള്ള കൈകടത്തലിനെക്കുറിച്ചുള്ള സംശയം ഉയര്‍ന്നു. കരാര്‍ പ്രകാരം വാട്സ്ആപ് പൂര്‍ണമായും ഫെയസ്ബുക്ക് നിയന്ത്രണത്തില്‍ വരാന്‍ ഇനിയും സമയമെടുക്കും. അപ്പോള്‍ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തുമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ കുത്തക കൂടി കിട്ടിയാല്‍ അധികം താമസിയാതെ ലോകത്തെ അനിഷേധ്യ ശക്തിയായി ഫെയ്സ്ബുക്ക് മാറും. വ്യക്തികളെ അറിഞ്ഞുള്ള പരസ്യതന്ത്രങ്ങള്‍ ശക്തിപ്രാപിക്കും. ഇക്കാര്യത്തില്‍ അപ്പോസ്തലനായ ഗൂഗിള്‍ പോലും മാറിനില്‍ക്കേണ്ടിവരും. കാത്തിരുന്ന് കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *