മിസ് ഇന്ത്യ കോയല്‍ റാണയും സോണി ഇന്ത്യ എംഡി കെനിച്ചിറോ ഹിബിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എസ്പിരിയ സെഡ് 2 അവതരിപ്പിച്ചപ്പോള്‍ . ചിത്രം: പിടിഐസ്മാര്‍ട്‌ഫോണില്‍ മികച്ച ഡിസ്‌പ്ലേയും ശബ്ദസുഖവും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സോണിയുടെ ഫോണുകള്‍ ഒരു പ്രലോഭനമാണ്. എക്‌സ്പീരിയ എന്ന പേരില്‍ സോണി ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ പരമ്പര മികച്ച അഭിപ്രായം നേടിയതും ഈ രണ്ടുഘടകങ്ങള്‍ കൊണ്ടുതന്നെ. പക്ഷേ 2013 ല്‍ കമ്പനിക്ക് മികച്ച പ്രടകനം കാഴ്ച വെക്കാനായില്ലെന്നത് ഏവര്‍ക്കുമറിയുന്ന സത്യം. കഴിഞ്ഞവര്‍ഷം ആദ്യമിറക്കിയ എക്‌സ്പീരിയ സെഡ് നന്നായി വിറ്റുപോയെങ്കിലും ഡിസ്‌പ്ലേ അത്ര പോരെന്ന ചീത്തപ്പേര് കേള്‍പ്പിച്ചു. തുടര്‍ന്ന് പെട്ടെന്നിറക്കിയ സെഡ്1 എന്ന അപ്‌ഡേറ്റഡ് മോഡല്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല.

കഴിഞ്ഞവര്‍ഷത്തെ കേട് തീര്‍ക്കാന്‍ പുതുപുത്തനൊരു സ്മാര്‍ട്‌ഫോണുമായി വീണ്ടുമെത്തിയിരിക്കുകയാണ് സോണി കമ്പനി. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ എക്‌സ്പീരിയ സെഡ്2 കഴിഞ്ഞദിവസം ഇന്ത്യയിലെത്തി. ഈ വര്‍ഷം ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സെഡ്2 കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. സാംസങ് ഗാലക്‌സി എസ്5, എച്ച്.ടി.സി. വണ്‍ (എം8) തുടങ്ങിയ പ്രീമിയം സെഗ്‌മെന്റ് മോഡലുകളോട് മത്സരിക്കാനൊരുങ്ങുന്ന എക്‌സ്പീരിയ സെഡ്2 വിന് 49,990 രൂപയാണ് വില. അരലക്ഷത്തിന് വെറും പത്തുരൂപ കുറവ്. 

ചിത്രം കടപ്പാട്: സോണി1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. സോണിയുടെ സ്വന്തം ട്രിലുമിനസ് ഡിസ്‌പ്ലേയും ( TRILUMINOS display ) എക്‌സ്-റിയാലിറ്റി എഞ്ചിനുമുള്ള സ്‌ക്രീനാണിത്. 2.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു., മൂന്ന് ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 128 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സ്‌ലോട്ടും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4 കിറ്റ്കാറ്റ് വെര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

ചിത്രം കടപ്പാട്: സോണി4K റെക്കോഡിങ് സംവിധാനത്തോടുകൂടിയ 20.7 മെഗാപിക്‌സല്‍ ക്യാമറയാണ് സെഡ്2 വിന്റെ മുഖ്യആകര്‍ഷണം. ഫുള്‍എച്ച്.ഡിയുടെ നാലിരട്ടി മിഴിവുണ്ടാകും 4K റെക്കോഡിങിന്. വീഡിയോകോളിങിനായി 2.2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, ഡി.എല്‍.എന്‍.എ., ജി.പി.എസ്., എ-ജി.പി.എസ്., വൈഫൈ സംവിധാനങ്ങളാണ് ഫോണിലുള്ളത്. സംഗതി 4ജി ആണെങ്കിലും ഇന്ത്യയില്‍ നിലവിലുള്ള 4ജി/എല്‍.ടി.ഇ. ബാന്‍ഡുകള്‍ ഈ ഫോണില്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

3200 എം.എ.എച്ച്്. ബാറ്ററിയാണ് സോണി സെഡ2 വിന് ഊര്‍ജം പകരുന്നത്. തുടര്‍ച്ചയായ 15 മണിക്കൂര്‍ (2ജി) സംസാരസമയവും 880 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി ഉറപ്പുതരുന്നു.

എക്‌സ്പിരിയ സെഡ് 2 വാട്ടര്‍പ്രൂഫ് ഫോണ്‍ ആണ്. ചിത്രം കടപ്പാട്: സോണിഫോണിനൊപ്പം 5,990 രൂപ വിലയുള്ള സ്മാര്‍ട്ബാന്‍ഡ് എന്ന ഗാഡ്ജറ്റ് സൗജന്യമായി നല്‍കുന്നുണ്ട് സോണി. കൈത്തണ്ടയിലണിയാവുന്ന റബ്ബര്‍ കൊണ്ടുള്ള വളയമാണ് സ്മാര്‍ട്ബാന്‍ഡ്. 

ഇതിനുള്ളിലെ ലൈഫ്‌ലോഗ് ആപ്ലിക്കേഷന്‍ സ്മാര്‍ട്ബാന്‍ഡ് ധരിക്കുന്നയാളുടെ ഹൃദയമിടിപ്പും ഉറക്കത്തിന്റെ ദൈര്‍ഘ്യവുമെല്ലാം പരിശോധിച്ച് ആരോഗ്യനില വിശകലനം ചെയ്യും. ഈ വിവരങ്ങളെല്ലാം ഫോണില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറെ ഉപയോഗപ്രദമാണീ ഫിറ്റ്‌നസ് ഗാഡ്ജറ്റ്. 2,990 രൂപ വിലയുള്ള ബാക്ക് കവറും ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. 

Leave a Reply

Your email address will not be published. Required fields are marked *