ഉപയോക്താക്കളുടെ ആവശ്യാനുസരണം സെര്‍ച്ച് ഫലങ്ങളില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കംചെയ്യാനുള്ള നടപടി ഗൂഗിള്‍ ആരംഭിച്ചു.

‘മറവിയിലാകാനുള്ള അവകാശം’ ഉപയോക്താക്കള്‍ക്കുണ്ടെന്ന് അടുത്തയിടെ യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു. ആ വിധിയുടെ ചുവടുപിടിച്ച് യൂറോപ്പിലെ ഉപയോക്തക്കള്‍ക്കായാണ് പുതിയ സര്‍വീസ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്.

ആളുകളുടെ അഭ്യര്‍ഥന മാനിച്ച്, കാലഹരണപ്പെട്ടതും പ്രസക്തമല്ലാത്തതുമായ വിവരങ്ങളടങ്ങിയ ലിങ്കുകള്‍ സെര്‍ച്ച്ഫലങ്ങളില്‍നിന്ന് ഗൂഗിള്‍ നീക്കംചെയ്യും.

ഓരോ അഭ്യര്‍ഥനയും വിലയിരുത്തിയ ശേഷമാകും നടപടി. സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും തമ്മില്‍ സംതുലനം പാലിക്കത്തക്കവിധമായിരിക്കും അഭ്യര്‍ഥനയോട് പ്രതികരിക്കുകയെന്ന് ഗൂഗിള്‍ പറഞ്ഞു.

‘നിങ്ങളുടെ അഭ്യര്‍ഥന വിലയിരുത്തുമ്പോള്‍, സെര്‍ച്ച്ഫലത്തില്‍ നിങ്ങളുമായി ബന്ധപ്പെട്ട് കാലഹരണപ്പെട്ട വിവരങ്ങളുണ്ടോ എന്ന് പരിശോധിക്കും. അതേസമയം, ആ വിവരത്തിന് എത്രത്തോളം പൊതുജനതാത്പര്യമുണ്ടെന്നും വിലയിരുത്തും’- ഗൂഗിള്‍ പറഞ്ഞു.

സമ്പത്തിക തിരിമറികള്‍, തൊഴില്‍പരമായ തട്ടിപ്പുകള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ചായിരിക്കും, ഉപയോക്താവിന്റെ അഭ്യര്‍ഥന സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും ഗൂഗിള്‍ അറിയിച്ചു.

സ്വകാര്യവിവരങ്ങള്‍ സെര്‍ച്ച്ഫലങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ ഗൂഗിളിന് ലഭിക്കുന്ന അഭ്യര്‍ഥനകളില്‍ പകുതിയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടേതാണെന്ന് ബിബിസി റിപ്പോട്ട് ചെയ്തു.

ഉപയോക്താക്കളുടെ അഭ്യര്‍ഥന പ്രകാരം, സെര്‍ച്ച്ഫലങ്ങളില്‍നിന്ന് കാലഹരണപ്പെട്ട ഡേറ്റ ഗൂഗിള്‍ ഒഴിവാക്കണമെന്ന് യൂറോപ്യന്‍ കോടതി വിധിച്ചത് കഴിഞ്ഞ മെയ് 13 നാണ്.

തന്റെ വീടിന്റെ പേരിലുള്ള പഴയ ഒരു ലേലനോട്ടീസ് ഗൂഗിള്‍ സെര്‍ച്ച്ഫലത്തില്‍ വരുന്നത്, തന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് ഒരു സ്പാനിഷുകാരന്‍ നല്‍കിയ കേസിലായിരുന്നു വിധി.

അതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ നടപടി. യൂറോപ്യന്‍ യൂണിയനിലുള്ളവര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സെര്‍ച്ച്ഫലങ്ങളില്‍നിന്ന് ഒഴിവാക്കണമെങ്കില്‍, ഒരു ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കാമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത.

ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വിവരത്തിന്റെ ലിങ്കും, ഏത് രാജ്യത്തുനിന്നുള്ള വ്യക്തിയാണ്, അഭ്യര്‍ഥനയ്ക്കുള്ള കാരണം തുടങ്ങിയവയും നല്‍കണം. വ്യക്തികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാജരാക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =