വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. െമയ് അവസാനവാരം ഈ സംവിധാനം നിലവില്‍ വരും. നിലവില്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നതെങ്കിലും മറുപടിയും ഓണ്‍ലൈനില്‍ത്തന്നെ ലഭിക്കുന്നതിനുവേണ്ട നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതും വൈകാതെ തന്നെ നിലവില്‍ വരും. സംസ്ഥാന ഐ.ടി വകുപ്പിന്റെ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഒരു പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും.ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജനങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ അപേക്ഷകള്‍ നല്‍കാനും മറുപടികള്‍ സ്വീകരിക്കാനുമാകും.
ഇപ്പോള്‍ 10 രൂപയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള ഫീസ് .ഈ ഫീസ് എങ്ങനെ ഈടാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യത്തിലുള്ള തീരുമാനം വന്നശേഷമായിരിക്കും ഓണ്‍ലൈന്‍ വഴിയുള്ള വിവരാവകാശ അപേക്ഷാ സ്വീകരണം ആരംഭിക്കുക.

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്്. കേരള സംസ്ഥാന ഐ.ടി മിഷനാണ് പരിശീലന ചുമതല. ഇതിനകം രണ്ടു ജില്ലകളില്‍ പരിശീലനപരിപാടി പൂര്‍ത്തിയായിട്ടുണ്ട്.

വിവരാവകാശ അപേക്ഷകള്‍ക്കു പുറമേ സംസ്ഥാന റവന്യൂ വകുപ്പില്‍ ജില്ലാകളക്ടര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കു നിലവില്‍ നേരിട്ടു സമര്‍പ്പിക്കേണ്ട അപേക്ഷകളും ആര്‍.ഡി.ഒ മാരുടെ കോടതികളിലെ കേസുകള്‍ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരും. നിലവില്‍ റവന്യു വകുപ്പിലെ 23 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനാണ് സൗകര്യമുള്ളത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 45 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാനാകും.

വിവരാവകാശ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ഐ.ടി മേഖലയിലും വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഐ.ടി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമാണ് അതില്‍ ഏറ്റവും പ്രധാനം. സ്വന്തമായി കുറഞ്ഞത് 15 ഏക്കര്‍ ഭൂമിയുള്ള കമ്പനികള്‍ക്ക് ഐ.ടി പാര്‍ക്ക് വികസിപ്പിക്കാന്‍ ഇനി അനുമതി ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *