ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍

ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍

ഗൂഗിള്‍ എന്നാല്‍ അറിയാത്തവര്‍ ഇന്ന് ചുരുക്കം. എന്നാല്‍ ലോകത്തിലെ തന്നെ ഇന്റര്‍നെറ്റ് രംഗത്ത് തന്നെ ഏറ്റവും വലിയ ഭീമനായി മാറിയ ഗൂഗിള്‍ ഇനി ലോകത്തിലെ മാറ്റത്തിന്റെ ഏജന്റാണ് എന്നാണ് ഗൂഗിള്‍ തലവന്‍ ലാറിപേജ് തന്നെ വിശേഷിപ്പിക്കുന്നത്. ഈ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്ന ഗൂഗിളിന്റെ 7 പ്രോജക്ടുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നേരത്തെയും ഇവയെ വിശദമായി വൈറല്‍ വിലയിരുത്തിയിട്ടുണ്ട്. മുന്‍പ് എക്‌സ് ലാബ് എന്ന് വിശദീകരിക്കപ്പെട്ടിരുന്ന ഗൂഗിളിന്റെ മൂണ്‍ഷോട്ട് ലാബാണ് ഈ പ്രൊജക്ടുകള്‍ക്ക് പിന്നില്‍.

ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാര്‍

ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാര്‍ 2012 മുതല്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രൊജക്ടാണ്. ഇതിനകം ഫ്രീ വേകളില്‍ മികച്ചഡ്രൈവിങ്ങാണ് ഈ കാര്‍ കാഴ്ചവച്ചതെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. അടുത്തിടെ ഒട്ടേറെക്കാലത്തെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ ഗൂഗിള്‍ തിരിക്കേറിയ നഗരങ്ങളിലുമിറക്കിയിട്ടുണ്ട്. ഈ പരീക്ഷണം വിജയകരമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. 2016ഒടെ പൊതുജനത്തില്‍ ഈ പരീക്ഷണം എത്തുമെന്നാണ് സൂചന.

കാറില്‍ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ ക്യാമറകളെയും റഡാര്‍ സെന്‍സറുകളെയും ആശ്രയിക്കുന്ന ഈ കാറുകളില്‍ ലേസര്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. ഡാറ്റാ ബേസില്‍ സൂക്ഷിക്കുന്ന വിവരങ്ങളും ഈ കാറുകള്‍ക്ക് വഴികാട്ടുന്നു. തിരക്കേറിയ നഗരനിരത്തുകളില്‍ കാല്‍നട യാത്രക്കാരെയും മറ്റും തിരിച്ചറിയുകയെന്ന വല്ലുവിളി ഏറ്റെടുക്കാന്‍ പോന്ന നിലയിലേക്ക് കാറുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞതായും ഗൂഗിള്‍ പറയുന്നു. ഞൊടിയിടയില്‍ ഒരു വളവ് വളക്കാന്‍ പോകുന്ന സൈക്കിള്‍ യാത്രക്കാരന്റെ ചേഷ്ടകള്‍ വരെ തിരിച്ചറിഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ് ഈ സോഫ്റ്റ്‌വെയര്‍.

എന്നാല്‍ ഈ മേഖലയില്‍ ഗൂഗിളിന് വെല്ലുവിളി ഇല്ലാതില്ല ആഗോള കാര്‍ നിര്‍മാണ കമ്പനികളായ നിസാന്‍ , ഫോക്‌സ് വാഗണ്‍ , ഔഡി, ടൊയോട്ട എന്നിവയെല്ലാം വന്‍തുക മുടക്കി ഇത്തരം കാറുകള്‍ പുറത്തിറക്കുന്നതില്‍ ഗവേഷണങ്ങള്‍ തുടരുകയാണ്.

ഗൂഗിള്‍ പറക്കുന്ന സൈക്കിള്‍

ഗൂഗിള്‍ സിഇഒ ലാറിപേജാണ് ഈ ആശയത്തിന് പിന്നില്‍. TED talk ടെക്‌നോളജി വിദഗ്ധരുടെ പ്രഭാഷണ പരമ്പരയിലാണ് ലാറി ഈ ആശയം പങ്കുവച്ചത്. ഇത് ഒരു ഭ്രാന്തമായ ആശയം എന്നാണ് അദ്ദേഹം പറയുന്നത്. ET എന്ന പ്രശസ്തമായ സിനിമയില്‍ നിന്നാണ് ശരിക്കും ഈ ആശയം ജനിക്കുന്നത് എന്നും ലാറി പറയുന്നു. ഇതിന്റെ ഗവേഷണം എത്രത്തോളം എത്തിയെന്ന കാര്യം ലാറി വ്യക്തമാക്കിയില്ലെങ്കിലും ഇത് ഒരു മോശം ചിന്തയല്ലെന്നും ഇതില്‍ പ്രവര്‍ത്തിക്കുകയാണെന്നുമാണ് ഗൂഗിള്‍ പറയുന്നത്.

ഗ്ലൂക്കോസ് അളവ് പരിശോധിക്കാന്‍ കോണ്‍ടാക്റ്റ് ലെന്‍സ്

രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിക്കാന്‍ ഇനി ലാബില്‍ പോകേണ്ടി വരില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു കോണ്‍ടാക്റ്റ് ലെന്‍സ് മതി, അതു ഉപയോഗിച്ച് നിങ്ങളുടെ രക്തത്തിലെ ഗ്ലുക്കോസ് നില അപ്പോള്‍ തന്നെ അറിയാം. ഈ കോണ്‍ടാക്റ്റ് ലെന്‍സിന്റെ വിവരം ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പരീക്ഷണഘട്ടത്തിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണങ്ങള്‍ വിജയകരമാണ്. നിഡിലിന്റെ വേദനയില്ലാതെ നമ്മുക്ക് രക്ത പരിശോധന സാധ്യമാകും, ഗൂഗിള്‍ പറയുന്നു.

ലോകം മുഴുവന്‍ ഇന്റര്‍നെറ്റുമായി ഗൂഗിള്‍ ‘ലൂണ്‍’

ലോകം എങ്ങും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ഗൂഗിളാണ് ഇതിനായി ‘ലൂണ്‍’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ജെല്ലിഫിഷിനോട് സദൃശ്യമുള്ള ബലൂണുകള്‍ ആകാശത്തേക്ക് വിക്ഷേപിച്ചാണ് ലോകം മുഴുവന്‍ ഓണ്‍ലൈനാക്കാനുള്ള ഗൂഗിളിന്റെ ശ്രമം.പരീക്ഷണമെന്ന നിലയില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു മുകളില്‍ 20 കിലോമീറ്റര്‍ ഉയരത്തിലാണ് ഗൂഗിള്‍ ബലൂണുകള്‍ സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ വര്‍ഷം ആരംഭിച്ചുകഴിഞ്ഞു. ഭൂമിയില്‍ സ്ഥാപിച്ച ആന്റിനകള്‍ വഴിയാണ് ബലൂണിലേക്ക് സിഗ്‌നല്‍ നല്‍കുക. 18 മാസത്തെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ബലൂണുകള്‍ ഗൂഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മോഡുലാര്‍ സ്മാര്‍ട്ട് ഫോണ്‍

ഒരു ഫോണ്‍ അതിന്റെ സ്‌ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ വിവിധ ഭാഗങ്ങള്‍ അത് നമ്മുക്ക് ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിക്കാം. തനിച്ചാകുമ്പോള്‍ അവ അവയുടെ പണിയും എടുക്കും. മോഡുലാര്‍ ഫോണ്‍ എന്ന ഈ ആശയം ഗൂഗിള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് പുതിയ വിവരങ്ങള്‍.പ്രോജക്ട് എറാ എന്നാണ് ഈ ഫോണിന്റെ പദ്ധതിക്ക് ഗൂഗിള്‍ നല്‍കിയിരുന്ന പേര്.

നേരത്തെ മോട്ടറോളയുമായി ചേര്‍ന്നാണ് ഈ ഫോണ്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മോട്ടറോള ലെനോവയ്ക്ക് വിറ്റപ്പോള്‍ ഈ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയുണ്ടായിരുന്നു പക്ഷെ. മോട്ടറോളയുടെ അഡ്വാന്‍സ് വികസന വിഭാഗത്തെ ഗൂഗിള്‍ വിറ്റില്ല അവരെ തങ്ങളോടപ്പം ലയിപ്പിച്ച് ഓഡിനറി ബിസിനസ് മാത്രമാണ് ഗൂഗിള്‍ വിറ്റത്, അതിനാല്‍ തന്നെ മോഡുലാര്‍ പദ്ധതി സജീവമായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ 1516 ദിനങ്ങളില്‍ ഗൂഗിളിന്റെ ആസ്ഥാനത്തിനടത്തുള്ള കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടക്കുന്ന ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ഈ ഫോണിന്റെ ഒരു മോഡല്‍ ഗൂഗിള്‍ അവതരിപ്പിച്ചുകഴിഞ്ഞു . ഒരു മോഡുലാര്‍ ഫോണ്‍ സെറ്റ് $50 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ നല്‍ക്കുന്ന സൂചന. വിശദമായി അറിയുവാന്‍

ഗൂഗിള്‍ ഗ്ലാസ്

ശരീരത്തില്‍ ധരിക്കാവുന്ന ഗൂഗിളിന്റെ ആദ്യഗാഡ്ജറ്റാണ് ഗൂഗിള്‍ ഗ്ലാസ് . ഗൂഗിള്‍ തങ്ങളുടെ പ്രോജെക്റ്റ് ഗ്ലാസ് എന്ന ഗവേഷണ വികസന പദ്ധതിയിലൂടെ ഇത് വികസിപ്പിച്ചത്. സ്മാര്‍ട്ട് ഫോണുകളോട് സാമ്യതയുള്ളതും കൈ തൊടാതെ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. സാധാരണ ഭാഷയിലുള്ള നിര്‍ദ്ദേശങ്ങളിലൂടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ ഈ ഫോണിന് സാധിക്കും. 2014 ഏപ്രില്‍ 15ന് ഒരു ദിവസം മാത്രം പൊതുവിപണിയില്‍ എത്തിയ ഗൂഗിള്‍ ഗ്ലാസ് മണിക്കുറുകള്‍ക്കുള്ളിലാണ് വിറ്റ് തീര്‍ന്നത്.

ജിഗാബൈറ്റ് ഇന്റര്‍നെറ്റ്

അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ടെലിവിഷന്‍ സംവിധാനങ്ങള്‍ നല്‍കുന്ന ഗൂഗിളിന്റെ ഫൈബര്‍ ശൃംഖലയാണ് ഗൂഗിള്‍ ഫൈബര്‍. 2011 മാര്‍ച്ച് 30 നു കാന്‍സാസ് സിറ്റിയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കി തുടങ്ങിയത്. എന്നാല്‍ പിന്നീട് പല നഗരങ്ങളിലേക്കും ഇത് വ്യാപിച്ചു. 2013 ഏപ്രില്‍ 9നു ടെക്‌സാസ് സംസ്ഥാനത്തിലെ ഓസ്റ്റിന്‍ നഗരത്തിലേക്കും ഏപ്രില്‍ 17നു യൂറ്റാ സംസ്ഥാനത്തിലെ പ്രോവോ നഗരത്തിലേക്കും ഗൂഗിള്‍ ഫൈബര്‍ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല വ്യാപിപ്പിച്ചു. ഗൂഗിള്‍ ഫൈബര്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത സെക്കന്റില്‍ ഒരു ജിഗാബിറ്റ് അഥവാ 128 മെഗാബൈറ്റ് നിരക്കിലാണ്. ഇതു അമേരിക്കയിലെ സാധാരണ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയുടെ ഏകദേശം 100 മടങ്ങ് അധികമാണ്. ഇത് ലോകം മുഴുവന്‍ വ്യാപിപ്പിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *