പ്രധാന മലയാളം പത്രങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉള്ള കാലമാണിന്ന്. മിക്ക പത്രങ്ങളും ട്രൂ ടൈപ് ഫോണ്ട് – ടി.ടി.എഫ്. – ( True Type Font – TTF ) വിഭാഗത്തില്‍ പെട്ട ഏതെങ്കിലും ഒരു ഫോണ്ട് ഉപയോഗിച്ചാണ് അവരുടെ വെബ്‌സൈറ്റുകൾ തയ്യാറാക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ അവ തയ്യാറാക്കപ്പെട്ട ട്രൂ ടൈപ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അതിനുള്ള ചില വഴികള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതു ചെയ്യും മുന്‍പ് ആവശ്യമുള്ള ഫോണ്ടുകള്‍ അതതു പത്രങ്ങളുടെ വെബ്‌സൈറ്റുകളിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.

ഒന്നാമത്തെ രീതി

ഈ രീതി പുതിയ വിന്‍ഡോ മാനേജറുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ആദ്യം ഇതു പരീക്ഷിച്ചിട്ടു പ്രയോജനം ഇല്ലെങ്കില്‍ രണ്ടാമത്തെ രീതി നോക്കുക.

ആള്‍ട് + എഫ് 2 എന്ന കീ കോമ്പിനേഷന്‍ അമര്‍ത്തുക. അപ്പോള്‍ തുറന്നു വരുന്ന പോപ് അപ് വിന്‍ഡോയില്‍ “fonts:///” എന്നു ടൈപ് ചെയ്യുക. ഒരു വിന്‍ഡോ തുറന്നു വരും. ഇതിനകത്ത് Personal,System എന്നിങ്ങനെ രണ്ടു ഫോള്‍ഡറുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും ഒരു ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫോണ്ടുകള്‍ കോപ്പി ചെയ്താല്‍ മതി. Personal എന്ന ഫോള്‍ഡറിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കില്‍ ഈ ഫോണ്ടുകള്‍ നിങ്ങള്‍ക്കു മത്രമേ ഉപയോഗിക്കാന്‍ കഴിയൂ. നേരെ മറിച്ചു System ഫോള്‍ഡറിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കില്‍ ആ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. പക്ഷേ ഇതിനു നിങ്ങള്‍ ആ കമ്പ്യൂട്ടറിലെ റൂട്ട് എന്ന ഉപയോക്താവോ അല്ലെങ്കില്‍ തത്തുല്ല്യമായ സൂഡോ (sudo) എന്ന പ്രിവിലേജ് ഉള്ള ഉപയോക്താവോ ആയിരിക്കണം. ഇതില്ലാത്തവര്‍ക്ക് Personal ഡയറക്റ്ററിയിലേക്കു മാത്രമേ കോപ്പി ചെയ്യാനാവൂ. ഇങ്ങനെ കോപ്പി ചെയ്തു കഴിഞ്ഞാല്‍ ബ്രൗസര്‍ റീസ്റ്റാര്‍ട് ചെയ്യണം. അതിനു ശേഷം നിങ്ങള്‍ക്ക് ഈ പത്രങ്ങള്‍ വായിക്കാന്‍ സാധിക്കും.

ഇനി നേരിട്ട് നിങ്ങള്‍ക്ക് Personal ഡയറക്റ്ററിയിലോ System ഡയറക്റ്ററിയിലോ പോകണമെങ്കില്‍ “fonts:///” എന്നതിനു പകരം യഥാക്രമം fonts:/Personal, fonts:/System എന്നിവ ടൈപ് ചെയ്താല്‍ മതി.

രണ്ടാമത്തെ രീതി

ഇവിടെയും നിങ്ങള്‍ റൂട്ട് / സൂഡോ അവകാശമുള്ള ഉപയോക്താവാണോ അല്ലയോ എന്നതനുസരിച്ച് രണ്ടു രീതിയില്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ സാധാരണ ഉപയോക്താവു മാത്രമാണെങ്കില്‍

ആദ്യം നിങ്ങളുടെ ഹോം ഡയറക്ടറിക്കകത്ത് “.fonts” എന്ന ഒരു ഡയറക്റ്ററി ഉണ്ടാക്കണം. അതിനായി ഷെല്‍ തുറന്നു താഴെ പറയുന്ന കമാന്‍ഡ് ടൈപ് ചെയ്യുക.

mkdir ~/.fonts

ഇതിനു ശേഷം ഡൗണ്‍ലോഡ് ചെയ്ത ഫോണ്ടുകള്‍ ഈ ഡയറക്റ്ററിയിലേക്ക് കോപ്പി ചെയ്യുക. ഞാന്‍ MLW-TTREVATHI.ttf എന്ന ഫോണ്ട് എന്റെ ഹോം ഡയറക്റ്ററിയിലെ downloads എന്ന ഫോള്‍ഡറിലേക്കാണ് ഡൗണ്‍ലോഡ് ചെയ്തത്. താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുമ്പോള്‍ /home/safeer/downloads/MLW-TTREVATHI.ttf എന്ന ഭാഗം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫോണ്ടും അതു ഡൗണ്‍ലോഡ് ചെയ്ത ഡയറക്റ്ററിയും ആയി മാറ്റം വരുത്തണം.

cp /home/safeer/downloads/MLW-TTREVATHI.ttf ~/.fonts

അതിനു ശേഷം താഴെ പറയുന്ന കമാന്‍ഡ് :

fc-cache -f -v ~/.fonts

ഇതോടെ ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തില്‍ നിങ്ങള്‍ക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ബ്രൗസര്‍ റീസ്റ്റാര്‍ട് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് MLW-TTREVATHI.ttf എന്ന ഫോണ്ട് ഉപയോഗിക്കുന്ന ഏതു വെബ്സൈറ്റിലും മലയാളം വായിക്കാന്‍ കഴിയും. നിങ്ങള്‍ക്കാവശ്യമുള്ള ഏതു ടി.ടി.എഫ്. ഫോണ്ടുകളും ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

നിങ്ങള്‍ റൂട്ട് / സൂഡോ ഉപയോക്താവ് ആണെങ്കില്‍:

മിക്കവാറും ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് /usr/share/fonts/ എന്ന ഡയറക്റ്ററിയിലാണ്. അതില്‍ തന്നെ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ /usr/share/fonts/truetype എന്ന സബ് ഡയറക്റ്ററിയില്‍ ആയിരിക്കും.

ഇനി ഈ ഡയറക്റ്ററിക്കകത്തായി മലയാളം ഫോണ്ടുകള്‍ക്കായി ഒരു ഡയറക്റ്ററി ഉണ്ടാക്കാം.

mkdir /usr/share/fonts/truetype/malayalam

നേരത്തെ ഡൗണ്‍ലോഡ് ചെയ്ത ഫോണ്ട് ഈ ഡയറക്റ്ററിയിലേക്കു കോപ്പി ചെയ്യുക.

cp /home/safeer/downloads/MLW-TTREVATHI.ttf /usr/share/fonts/truetype/malayalam

അതിനു ശേഷം താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക.

fc-cache -f -v

ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഫോണ്ടുകള്‍ ആ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *