ആഗോളഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ സ്വന്തം കാര്‍ഡ് പേമെന്റ് സംവിധാനമായ ‘റുപേ’ ഔപചാരികമായി നിലവില്‍വന്നു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് കാര്‍ഡ് രാജ്യത്തിന് സമര്‍പ്പിച്ചത്. പണമിടപാടിനുള്ള കാര്‍ഡുകള്‍ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എ.ടി.എം. കേന്ദ്രങ്ങളില്‍നിന്ന് പണമെടുക്കാനും വ്യാപാരഇടപാടുകള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ഇലക്ട്രോണിക് – കാര്‍ഡ് മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാട് വ്യാപകമാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതിപ്രകാരം രാജ്യത്തെ പത്ത് പ്രധാന ബാങ്കുകള്‍ പ്രൊമോട്ടര്‍മാരായ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കാര്‍ഡ് പുറത്തിറക്കുന്നത്.

‘റുപ്പി’, ‘പേയ്‌മെന്റ്’ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ‘ റുപേ’ എന്നു പേരിട്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ആദ്യ ഘട്ടത്തില്‍ റുപേ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്.

രാജ്യത്തെ എല്ലാ എ.ടി.എമ്മുകളിലും 90 ശതമാനത്തോളം വ്യാപാരകേന്ദ്രങ്ങളിലും പതിനായിരത്തോളം ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളിലും കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താം. ബാങ്കുകള്‍ നിലവില്‍ വന്‍തുക പ്രവേശന ഫീസായി നല്കിയാണ് വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ റുപേ ശൃംഖലയില്‍ ചേരുന്നതിന് പ്രവേശനഫീസില്ല. സഹകരണ-ഗ്രാമീണ ബാങ്കുകള്‍ക്കും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് സൗകര്യം ലഭ്യമാക്കാന്‍ ഇതുവഴി കഴിയും. ഇതിനകം 150 സഹകരണ-ഗ്രാമീണബാങ്കുകള്‍ കാര്‍ഡ് ശൃംഖലയില്‍ ചേര്‍ന്നിട്ടുണ്ട്.

2012 മാര്‍ച്ച് മുതല്‍ ചില ബാങ്കുകള്‍ റുപേ സംവിധാനംവഴി കാര്‍ഡുകള്‍ ലഭ്യമാക്കി ത്തുടങ്ങിയിരുന്നു. ഇതുവരെ ഏകദേശം 1.7 കോടി റുപേ കാര്‍ഡുകള്‍ രാജ്യത്തൊട്ടാകെ വിതരണം നടത്തിയിട്ടുണ്ട്. 2015-ഓടെ രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് വിപണിയുടെ അന്‍പതുശതമാനം പിടിച്ചെടുക്കാനാണ് റുപേ ലക്ഷ്യമിട്ടിരിക്കുന്നത്. 2015-ല്‍ ക്രെഡിറ്റ് കാര്‍ഡും വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *