ചിലപ്പോളൊക്കെ നമുക്ക് ബ്ലോഗുകൾ ഡിലീറ്റ് ചെയ്യേണ്ടിവരും. പ്രത്യേകിച്ച് തുടക്കക്കാർക്ക്  ഉള്ള ഒരു ആവേശത്തിൽ ഒന്നിലധികം ബ്ലോഗുകൾ ഉണ്ടാക്കും. പിന്നീടാണ് മനസ്സിലാകുന്നത് ആ ബ്ലോഗുകൾ ആവശ്യമില്ലായിരുന്നു എന്ന്! പ്രൊഫൈലിൽ നോക്കിയാലോ പ്രധാനബ്ലോഗും, പിന്നെ അബദ്ധത്തിലുണ്ടാക്കിയ ബ്ലോഗും  എല്ലാം കാണുകയും ചെയ്യുന്നു. അപ്പോൾ ഉപകാരപ്പെടുന്ന ഒന്നാണ് Delete blog എന്ന സംവിധാനം.

ഇതല്ലാതെ, കുറേപോസ്റ്റുകൾ എഴുതി പബ്ലിഷ് ചെയ്തുകഴിഞ്ഞതിനുശേഷം വല്ല ഓൺലൈൻ തർക്കമോ പരിഭവമോ ഒക്കെ ഉണ്ടായി ബ്ലോഗിനെ നശിപ്പിക്കാൻ തുനിയുന്നവരുമുണ്ട്. അങ്ങനെ ചെയ്യുന്നവർ ഒരുകാര്യം ഓർക്കുക. പെട്ടന്നുള്ള ആവേശത്തിൽ ഇതുവരെ എഴുതിയതും, അതിൽ വന്ന കമന്റുകളും എല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുന്നത് ബുദ്ധിയാണോ എന്ന്. ഇങ്ങനെയുള്ളവർക്ക് പറ്റിയ നല്ല ഓപ്‌ഷൻ, നീങ്ങളുടെ ബ്ലോഗ് സ്വയം മാത്രം കാണാവുന്ന രീതിയിൽ സെറ്റ്  ചെയ്യുന്നതാണ്. അല്ലെങ്കിൽ നിങ്ങൾ അനുവാദം കൊടൂക്കുന്നവർക്കുമാത്രം കാണാം. ഇത് സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് “വായനക്കാർക്ക് നിയന്ത്രണം” എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. നോക്കൂ.
ബ്ലോഗ് ഡിലീറ്റ്  ചെയ്യാനുള്ള ബട്ടൺ, ഡാഷ്‌ബോർഡിലെ സെറ്റിംഗ് മെനുവിൽ “Others” എന്ന സബ്‌മെനുവിൽ കാണാം. നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ് പേജിൽ പോയി, അവിടെ ഇടതുവശത്തെ ലിസ്റ്റിൽ ഏറ്റവും താഴെയുള്ള സെറ്റിംഗ്‌സ് എന്ന മെനു നോക്കൂ.
Others എന്ന പേജിൽ ഏറ്റവും ആദ്യം മുകളീലായി മൂന്നു ബട്ടണുകൾ ഉണ്ട്. Import blog, Export blog, Delete blog. 
ഇതിൽ ഡിലീറ്റ് ബ്ലോഗ് സെലക്റ്റ് ചെയ്യുക. ഉടൻ തന്നെ ഗുഗിൾ ഒരു വാണിംഗ് മെസേജ് തരും. അതിൽ എഴുതിയിരിക്കുന്ന വിവരങ്ങൾ ഇതൊക്കെയാണ്. ഡീലീറ്റ് ചെയ്യാനാണു തീരുമാനമെങ്കിൽ അടുത്ത 90 ദിവസത്തേക്ക് ഗുഗിൾ ഈ ബ്ലോഗിനെ പബ്ലിക്കിൽ നിന്നും ‘ഒളിപ്പിച്ചു’ വയ്ക്കും. ഈ കാലയളവിനുള്ളിൽ നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത ബ്ലോഗിനെ പഴയപടി തിരിച്ചുപിടിക്കാം.. (അതെങ്ങനെയെന്ന് താഴെപറയുന്നുണ്ട്). തൊണ്ണൂറു ദിവസങ്ങൾക്കു ശേഷം ബ്ലോഗും യു.ആർ.എലും  എന്നെന്നേക്കുമായി ഡിലീറ്റ് ആവും. അതിനുശേഷം ആ യു.ആർ.എൽ വീണ്ടും രജിസ്ട്രേഷനുവേണ്ടി (നിങ്ങൾക്കോ, മറ്റാർക്കെങ്കിലുമോ) ലഭ്യമാകും.
ഒരു ഓപ്‌ഷൻ കൂടീ ഗുഗിൾ തരുന്നുണ്ട്. ഡിലീറ്റ്  ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ബ്ലോഗിനെ ഒരു കൊച്ചൂ ഫയലായി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചൂ വയ്ക്കാം. ഇതിന് Export blog എന്നാണ് പറയുന്നത്. ഇതെങ്ങനെയാണൂ ചെയ്യുന്നതെന്ന് ആദ്യാക്ഷരിയിലെബ്ലോഗിനെ സേവ് ചെയ്യാം, ഒരു ബ്ലോഗിലെ പോസ്റ്റുകളെ മറ്റൊന്നിലേക്ക് മാറ്റാം എന്നീ അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്.
ഇങ്ങനെ ഡൗൺലോഡ് ചെയ്തുവച്ചാൽ പിന്നീട് ഒരവസരത്തിൽ നിങ്ങൾ ഒരു ബ്ലോഗ് ഉണ്ടാക്കിയാലും, പഴയ ഡിലീറ്റ് ആയ  ബ്ലോഗിലെ പോസ്റ്റുകളെയും കമന്റുകളെയും തിരിച്ച് അവിടേക്ക് കൊണ്ടൂവരാൻ സാധിക്കും.
ബ്ലോഗ് ഡിലീറ്റ് ചെയ്യാനാണ് തീരുമാനമെങ്കിൽ ഡിലീറ്റ് ബട്ടൺ അമർത്തുക.

ഡിലീറ്റ് ആയ ബ്ലോഗ് തിരിച്ചെടുക്കാം:

ഒരു ബ്ലോഗിനെ നമ്മൾ ഡിലീറ്റ് ചെയ്താൽ, അടൂത്ത 90 ദിവസത്തേക്ക് അത് തിരിച്ചെടുക്കാൻ പാകത്തിൽ  ഗൂഗിൾ സൂക്ഷിച്ചുവയ്ക്കും എന്നു പറഞ്ഞുവല്ലോ. നിങ്ങൾ ഒരു ബ്ലോഗ് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ  ആ വിവരം നിങ്ങളുടെ ഡാഷ്‌ബോർഡിൽ കാണാൻ സാധിക്കും.
ഈ സ്ക്രീൻ ഷോട്ടിൽ  മാർക്ക്  ചെയ്തിരിക്കുന്നതുനോക്കൂ. Deleted blogs (1) എന്നാണു കാണുന്നത്. അതുപോലെ നിങ്ങളുടെ ബ്ലോഗിന്റെ ഡാഷ്‌ബോർഡിലും കാണാം. അവിടെ ക്ലിക്ക് ചെയ്യുക. ഡീലീറ്റ് ചെയ്ത ബ്ലോഗിന്റെ പേരും മറ്റു വിവരങ്ങളും തെളിയും.  ഒപ്പം വലതുവശത്തായി Undelete എന്നൊരു ബട്ടണും കാണാം. അതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡിലീറ്റ് ആയ ബ്ലോഗ് പുനഃസ്ഥാപിക്കപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

two × two =