പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ ലോകമെങ്ങുമുള്ള 10 കോടി വ്യാജഅംഗങ്ങളില്‍ അധികവും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ . തങ്ങളുടെ അംഗങ്ങളില്‍ എത്രപേര്‍ വ്യാജന്‍മാരാകാമെന്ന കണക്ക് ഫെയ്‌സ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്. 

ഫെയ്‌സ്ബുക്കിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒരു ഫെയ്‌സ്ബുക്ക് അംഗത്വമേ പാടുള്ളൂ. അതിന് വിരുദ്ധമായി ഒരാള്‍ തന്നെ ഒന്നോ അതിലധികമോ അംഗത്വം വ്യാജപേരുകളിലെടുക്കുന്നതാണ് 10 കോടി വ്യാജഅംഗങ്ങളുണ്ടാകന്‍ കാരണമെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. അതത്രയും ‘ഡ്യൂപ്ലിക്കേറ്റ് അംഗത്വ’മാണ്.

യു.എസ്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് ( ടഋഇ ) മുന്നില്‍ സമര്‍പ്പിച്ച രേഖയിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം പറയുന്നത്. 2013 ലെ കണക്കനുസരിച്ച്, ഫെയ്‌സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളില്‍ 4.3 ശതമാനം മുതല്‍ 7.9 ശതമാനം വരെ ഇത്തരം ‘ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടു’പയോഗിക്കുന്നവരാണത്രേ. 

വ്യാജഅംഗങ്ങളുടെ ശതമാനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. തുര്‍ക്കിയാണ് മറ്റൊരു രാജ്യം. 

2014 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം, പ്രതിമാസം ക്രിയാത്മകമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ 128 കോടിയാണ്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന അംഗസംഖ്യയിലുണ്ടായി. 

2014 ലെ ആദ്യമൂന്നുമാസത്തെ കണക്കു പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലും ബ്രസീലിലുമാണ് ഫെയ്‌സ്ബുക്ക് കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് – എസ് ഇ സി യില്‍ സമര്‍പ്പിച്ച രേഖയില്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഫെയ്‌സ്ബുക്കിലെത്തുന്നവരുടെ സംഖ്യയിലുണ്ടായ വര്‍ധനയാണ് ശ്രദ്ധേയം. 2013 മാര്‍ച്ച് 31 ല്‍ പ്രതിമാസം 75 കോടി പേര്‍ മൊബൈല്‍ വഴി ഫെയ്‌സ്ബുക്കിലെത്തിയിടത്ത്, 2014 മാര്‍ച്ച് 31 ആയപ്പോള്‍ അത് 101 കോടിയായി. 34 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്. 

ലോകത്തെ എല്ലാ മേഖലയിലും മൊബൈല്‍ ഉപകരണങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ ഉപയോഗം വര്‍ധിച്ചു. 2014 ലെ വര്‍ധനയില്‍ ഇന്ത്യ, ബ്രസീല്‍ , യു.എസ്.എ എന്നീ രാജ്യങ്ങളിലാണ് മൈബൈല്‍ വഴി ഫെയ്‌സ്ബുക്കിലെത്തുന്നവരുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *