സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകളുടെ പേരില്‍ വര്‍ഷങ്ങളായി നടത്തുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഐടി ഭീമന്‍മാരായ ആപ്പിളും ഗൂഗിളും ധാരണയിലെത്തി. 

അമേരിക്കയിലും ജര്‍മനിയിലുമായി ഇരുകമ്പനികളും തമ്മില്‍ 20 കേസുകളാണ് നിലവിലുള്ളത്. പരസ്പര ധാരണ പ്രകാരം കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും. 

പരസ്പരം ഇരുകൂട്ടരും പേറ്റന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ലൈസന്‍സ് പുതിയ ഉടമ്പടിയില്‍ പെടില്ലെന്ന് ആപ്പിളും ഗൂഗിളും അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ ഒരു ‘പേറ്റന്റ് പരിഷ്‌ക്കരണ’ത്തിന് രണ്ടു കമ്പനികളും സഹകരിക്കുമെന്നും പ്രസ്താവന പറയുന്നു. 

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൊടിയ മത്സരം ആപ്പിളും ഗൂഗിളും തമ്മിലാണ് നടക്കുന്നത്. ആപ്പിളിന്റെ ഐഫോണും, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലുള്ള ഫോണുകളും തമ്മിലാണ് മത്സരം. 

2012 ല്‍ 1250 കോടി ഡോളറിന് ഗൂഗിള്‍ സ്വന്തമാക്കിയ മോട്ടറോള മൊബിലിറ്റിയും ആപ്പിളും തമ്മില്‍ നടന്നുവന്ന പേറ്റന്റ് കേസുകളും, ആപ്പിളും ഗൂഗിളും തമ്മിലുള്ള ഉടമ്പടിയില്‍ ഉള്‍പ്പെടുന്നു. 

തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്നാരോപിച്ച് 2010 ലാണ് മോട്ടറോള കോടതിയെ സമീപിച്ചത്. ആപ്പിളും അതേ നാണയത്തില്‍ തിരിച്ചടിച്ചു. മോട്ടറോളയുടെ പക്കലുള്ള ആയിരക്കണക്കിന് പേറ്റന്റുകളില്‍ കണ്ണുവെച്ച് ഗൂഗിള്‍ ആ കമ്പനിയെ സ്വന്തമാക്കിയതോടെ, കേസ് ഫലത്തില്‍ ഗൂഗിളും ആപ്പിളും തമ്മിലായി. 

സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിനെ സംരക്ഷിക്കാനാണ് വന്‍തുക നല്‍കി മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയത്. പേറ്റന്റുകള്‍ സ്വന്തമാക്കിയ ശേഷം, മോട്ടറോളയുടെ മൊബൈല്‍ നിര്‍മാണ വിഭാഗത്തെ ചൈനീസ് കമ്പനിയായ ലെനോവൊയ്ക്ക് 290 കോടി ഡോളറിന് ഗൂഗിള്‍ വിറ്റത് അടുത്തയിടെയാണ്. 

ഒരിക്കല്‍ പങ്കാളികളായി പ്രവര്‍ത്തിച്ചിരുന്ന ആപ്പിളും ഗൂഗിളും, സ്മാര്‍ട്ട്‌ഫോണിന്റെ പേരിലാണ് തെറ്റിയത്. അതിന്റെ ഭാഗമായിട്ടായിരുന്നു പേറ്റന്റ് ലംഘനം പരസ്പരം ആരോപിച്ചുള്ള നിയമയുദ്ധം. 

ഗൂഗിളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും, സാംസങിനെതിരെയുള്ള നിയമനടപടി തുടരുമെന്ന് ആപ്പിള്‍ അറിയിച്ചു. മൂന്ന് പേറ്റന്റുകളുടെ പേരില്‍ 11.9 കോടി ഡോളര്‍ നഷ്ടപരിഹാരം സാംസങ് ആപ്പിളിന് നല്‍കാന്‍ സാന്‍ ജോസിലെ ജൂറി വിധി പുറപ്പെടുവിച്ചത് രണ്ടാഴ്ച മുമ്പാണ്

Leave a Reply

Your email address will not be published. Required fields are marked *