വാഹനങ്ങളുടെ പാര്‍ക്കിങ് എളുപ്പത്തിലാക്കാന്‍ മലയാളിയുടെ പുതിയ കണ്ടെത്തല്‍. അബുദാബി പ്രവാസി സജിന്‍ സീതിയാണ് ‘ഐപാര്‍ക്ക് മീ’ എന്ന പേരിലുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

അബുദാബിയില്‍ പാര്‍ക്കിങ് ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ ആപ്ലിക്കേഷന്‍ പിറന്നതിന്റെ പിന്നില്‍ എന്ന് സജിന്‍ പറഞ്ഞു. അബുദാബിയിലെ പലര്‍ക്കും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് മെസേജ് അയയ്ക്കുന്ന ഫോര്‍മാറ്റുപോലും അറിയാത്ത അവസരത്തിലാണ് ഇങ്ങനെയൊരു സൈബര്‍ വിപ്ലവത്തിന് സജിന്‍ മുന്‍കൈ എടുത്തത്. ഇക്കാലത്ത് എന്തും ഒരു ആപ്പിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഇങ്ങനെയൊന്ന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് തന്നെയാണ് ഇറങ്ങിയ ഉടനെതന്നെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കാണിക്കുന്നത് – സജിന്‍ പറയുന്നു.

ഇപ്പോള്‍ ഇറങ്ങിയത് ബീറ്റ വേര്‍ഷന്‍ ആണെങ്കിലും ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷനില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് സജിന്‍ സീതി ശ്രമിക്കുന്നത്. ഒരാളുടെ കാറിന്റെ വിവരങ്ങള്‍ ആപ്പില്‍ ശേഖരിച്ചുവെക്കുക, റിമൈന്‍ഡര്‍ സൗകര്യം, ലൊക്കേഷന്‍ ടാഗിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനാണ് സജിന്‍ ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ബ്ലോഗര്‍ കൂടിയായ സജിന്‍ ‘മൈ മൊബൈല്‍സ്‌കൂപ്പ്’ എന്നപേരില്‍ ഒരു ബ്ലോഗ് കൂടി നടത്തുന്നുണ്ട്. കൂടാതെ, പ്രമുഖ അന്താരാഷ്ട്ര മൊബൈല്‍ കമ്പനികളുടെ ഉത്പന്നങ്ങളുടെ വീഡിയോ റിവ്യൂ ഇറക്കിയും സജിന്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

2012-ല്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവരുടെ ക്ഷണപ്രകാരം പങ്കെടുത്ത മലയാളി കൂടിയാണ് സജിന്‍. ആപ്പിള്‍ സ്റ്റോറില്‍നിന്ന് ‘ഐപാര്‍ക്ക് മീ’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

Leave a Reply

Your email address will not be published. Required fields are marked *