അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ .

ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു.

അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് രംഗത്തുള്ളവര്‍ കൗതുകത്തോടെയാണ് കാണുന്നത്. നോക്കിയയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത.

നോക്കിയയെ ഏറ്റെടുക്കുന്ന നടപടി മൈക്രോസോഫ്റ്റ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ‘നോമാന്‍ഡി’ ഫോണ്‍ വിപണിയിലെത്തുമോ എന്നത് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏതായാലും 2014 ല്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന്റെ നേര്‍ പതിപ്പാവില്ല നോക്കിയ നോമാന്‍ഡിയിലത്രേ.ആമസോണ്‍ അതിന്റെ കിന്‍ഡ്ല്‍ ഫയര്‍ ടാബുകളില്‍ ഉപയോഗിച്ചതുമാതിരി, സ്വന്തംനിലയ്ക്ക് പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് വേര്‍ഷനാകും നോക്കിയ ഉപയോഗിക്കുക.

ലൂമിയ പരമ്പരയിലുള്ള ഫോണുകളെ അനുസ്മരിപ്പിക്കുന്ന ഒരു ഫോണിന്റെ ചിത്രം @evleaks നവംബറില്‍ പുറത്തുവിട്ടിരുന്നു. നോക്കിയ നോമാന്‍ഡിയുടേതാണ് ചിത്രമെന്നും അവകാശപ്പെട്ടിരുന്നു.

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലുള്ളതാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്ന് വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നു. ‘ആഷ’ പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്‍ഡിക്കും. ആഷ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ആപ്പുകള്‍ അതില്‍ ലഭ്യമാകും.

 

Leave a Reply

Your email address will not be published. Required fields are marked *

ten + 18 =