എന്താണ് “ജാലകം” ?  ജാലകം ഒരു ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്റർ ആണ്. അതായത് മലയാളം ബ്ലോഗുകളിൽ പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകൾ ഒരു വെബ്‌സൈറ്റിൽ തലക്കെട്ടുകളും, ഒറിജിനൽ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളുമായി ലിസ്റ്റ് ചെയ്യുന്ന ഒരു വെബ്‌സൈറ്റ്. നിങ്ങളുടെ ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓരോ പോസ്റ്റൂം അപ്പപ്പോൽ തന്നെ ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടും. ഇന്ന് ബ്ലോഗ് പോസ്റ്റുകൾ വായിക്കുവാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗവും പുതിയ പോസ്റ്റുകൾ കണ്ടെത്തുന്നതും, അവരവരുടെ വാ‍യനക്ക് ഇണങ്ങുന്ന വിഭാഗത്തിലുള്ള പോസ്റ്റുകൾ കണ്ടെത്തുന്നതും ബ്ലോഗ് ആഗ്രിഗേറ്ററുകൾ വഴിയാണ്. അത്തരത്തിലുള്ള പുതിയതും, ഒട്ടേറെ പുതുമകളുള്ളതുമായ ഒരു ആഗ്രിഗേറ്ററാണ് “ജാലകം”.  ആദ്യാക്ഷരി ഹോസ്റ്റ് ചെയ്തിരിക്കുന്ന “സൈബർ ജാലകം” എന്ന സൈറ്റിന്റെ തന്നെ ഒരു ഭാഗമാണ് ജാലകം ആഗ്രിഗേറ്റർ.

ബ്ലോഗ് എഴുത്ത് തുടങ്ങുന്ന നവാഗതരിൽ പലർക്കും നേരിൽ അനുഭവമുള്ള ഒരു സംഗതിയാണ് പുതിയ പോസ്റ്റുകൾ ആഗ്രിഗേറ്ററുകളിൽ ലിസ്റ്റ് ചെയ്യുന്നില്ല എന്നത്. ചിലരുടെ പ്രശ്നങ്ങൾ പരിഹൃതമാകാതെ കിടക്കുന്നു, ചിലർ ആഗ്രിഗേറ്ററുകളുടെ നടത്തിപ്പുകാർക്ക് മെയിൽ അയച്ച് പ്രശ്നം പരിഹരിക്കുന്നു. അപ്പോഴോക്കെ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് ബ്ലോഗുടമയ്ക്ക് സ്വയം അവരവരുടെ ബ്ലോഗ് ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യുവാനും, പുതിയ പോസ്റ്റുകൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുവാനുമുള്ള സൌകര്യം ലഭിക്കുമോ എന്നത്. ആ സൌകര്യവുമായി സൈബർ ജാലകം ടീമിന്റെ 2009 ലെ ഓണസമ്മാനം ‘ജാലകം‘ ബ്ലോഗ് ആഗ്രിഗേറ്റർ.


ജാലകത്തിന് എന്താണൊരു പുതുമ?

നിങ്ങളുടെ ബ്ലോഗിൽ, ഒരു പോസ്റ്റ് പബ്ലിഷ് ചെയ്താലുടൻ അത് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഒരു ‘സ്വിച്ചു’ മായിട്ടാണ് ജാലകം ടീമിന്റെ വരവ്.  ഈ എച്.ടി.എം.എൽ സ്വിച്ച് നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക, പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞാൽ  ഈ സ്വിച്ചിൽ ഒന്നമർത്തുക. പോസ്റ്റ് ആഗ്രിഗേറ്ററിൽ എത്തിക്കഴിഞ്ഞു !! ‘ജാലകത്തിന്റെ’ പ്രത്യേകതകൾ അവിടെ തീരുന്നില്ല. ആദ്യം പറഞ്ഞതുപോലെ, ആവശ്യമെങ്കില്‍ ബ്ലോഗുടമയ്ക്കു തന്നെ അവരവരുടെ ബ്ലോഗുകള്‍ ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യുവാനും, പുതിയ പോസ്റ്റുകൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുവാനുമുള്ള സൌകര്യം ഇവിടെ ലഭ്യമാണ്. ബ്ലോഗുകള്‍ മാത്രമല്ല, യൂണിക്കോഡ് മലയാളം എന്‍‌കോഡിംഗ് രീതിയില്‍ പ്രസിദ്ധീകരിക്കുന്ന ഏതു വെബ് സൈറ്റും ഇതില്‍ ലിസ്റ്റ് ചെയ്യാം.

 

മലയാളത്തിൽ ഇന്നു ലഭ്യമായ മറ്റു ബ്ലോഗ് ആഗ്രിഗേറ്ററുകളെ അപേക്ഷിച്ച് എന്തുകൊണ്ടും ഒരുപടി മുന്നിലാണ് ജാലകം എന്നതിൽ സംശയമില്ല. മനോഹരമായ ഡിസൈൻ, ഉപയോഗിക്കാനുള്ള എളുപ്പം, ഉപയോക്താകൾക്ക് സ്വയം ബ്ലോഗുകൾ രജിസ്റ്റർ ചെയ്യുവാനും, പോസ്റ്റുകൾ റിഫ്രഷ് ചെയ്യുവാനുമുള്ള സൌകര്യങ്ങൾ ഇതൊക്കെ അതിന്റെ പ്രത്യേകതകളാണ്. താഴെക്കാണുന്ന സ്ക്രീൻ ഷോട്ടിൽ ജാലകത്തിന്റെ പൂമുഖത്താള്‍ കാണാം.
ജാലകം വിന്റോയെ ഒന്നു പരിചയപ്പെടാം.  ‘ജാലകം’ വിന്റോയുടെ മുകളറ്റത്തായി ഏഴു ടാബുകളും, ഒരു സേർച്ച് ഫീൽഡും, ബ്ലോഗ് ആഗ്രിഗേറ്ററുകളിൽ വിഭാഗങ്ങളായി പോസ്റ്റുകളെ തരം തിരിക്കുന്നതിനുള്ള ടാബും സജ്ജീകരിച്ചിട്ടുണ്ട്.  ഓരോ ടാബും എന്താണെന്നു നോക്കാം.
Add blog:  നിങ്ങൾ ഒരു ബ്ലോഗ് തുടങ്ങിക്കഴിഞ്ഞാൽ അതിന്റെ ഫീഡ് ജാലകത്തിൽ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. രജിസ്റ്റർ ചെയ്താൽ മാത്രമേ നിങ്ങളുടെ ബ്ലോഗുകളിലെ പുതിയ പോസ്റ്റുകൾ ജാലകം ആഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യപ്പെടുകയുള്ളൂ.
Get widget :  നിങ്ങളുടെ ബ്ലോഗിലേക്ക് ചേർക്കുവാനുള്ള ഒരു html സ്വിച്ചിനെപ്പറ്റി ആദ്യ പാരഗ്രാഫിൽ സൂചിപ്പിച്ചിരുന്നുവല്ലോ. നിങ്ങളുടെ ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞാലുടൻ നിങ്ങൾക്കു തന്നെ ജാലകം ഫീഡ് റിഫ്രഷ് ചെയ്ത് ആ പോസ്റ്റിനെ എത്രയും പെട്ടന്ന് ആഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യിക്കുവാനുതകുന്ന ഒരു കോഡ് ആണിത്. ഈ കോഡിനെ ഒരു html/java script Gadget ആയി നിങ്ങളുടെ ബ്ലോഗിൽ ചേർത്തുകഴിഞ്ഞാൽ റിഫ്രഷ് സ്വിച്ച് റെഡി.
Opinion: ഇത് ഒരു കമന്റ് പേജാണ്. ജാലകം ആഗ്രിഗേറ്ററിനെപ്പറ്റിയുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ ഈ പേജിൽ രേഖപ്പെടുത്താം.
Report Abuse: ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ബ്ലോഗ് പോസ്റ്റ് പൊതുസമൂഹത്തിന്റെ താല്പര്യങ്ങൾക്കോ രാജ്യതാല്പര്യങ്ങൾക്കോ വിരുദ്ധമായതെന്നു ഒരു വായനക്കാരനു തോന്നുന്ന പക്ഷം ജാലകം അഡ്മിൻ ടീമിനെ ഇക്കാര്യം രേഖാമൂലം അറിയിക്കുവാനുള്ള സംവിധാനമാണിത്. പാനൽ ഈ റിക്വസ്റ്റ് പരിഗണിച്ചശേഷം, ആവശ്യമെങ്കിൽ ഈ പോസ്റ്റ് ആഗ്രിഗേറ്ററിൽ നിന്ന് നീക്കം ചെയ്യും.
Cyberalakam: ഇന്റർനെറ്റ് / കമ്പ്യൂട്ടർ രംഗത്തെ വിവിധകാര്യങ്ങളെപ്പറ്റിയുള്ള ആധികാരികമായ ലേഖനങ്ങൾ ഉൾപ്പെടുന്ന ഒരു ടെക്നിക്കൽ വെബ്‌സൈറ്റാണിത്. ഈ രംഗത്തുള്ള വിദഗ്ദ്ധരാണ് ഇവിടെ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
Buzz aggregator: ഗൂഗിൾ ബസ് എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് സംവിധാനം ഇന്ന് ഏറെപ്പേർ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്. ജി-മെയിലിൽ ലഭ്യമായ ഈ സംവിധാനം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങളുടെ സൈബർ സുഹൃത്തുക്കളുമായി നിങ്ങൾക്ക് വിവിധകാര്യങ്ങൾ ചർച്ച ചെയ്യാം. മലയാളം ബസുകളിൽ വരുന്ന വിവിധവിഷയങ്ങൾ ഒന്നിച്ച് ക്രോഡീകരിച്ചു കാണിക്കുന്ന ഒരു ആഗ്രിഗേറ്ററാണ് ബസ് ആഗ്രിഗേറ്റർ.  ബ്ലോഗുകൾ രജിസ്റ്റർ ചെയ്യുന്നതുപോലെ നിങ്ങളുടെ “ബസ്” അഡ്രസും ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
Adyakshari: സൈബർജാലകത്തിന്റെ ഭാഗമായ ആദ്യാക്ഷരിയിലേക്ക് നേരിട്ടുള്ള ഒരു ലിങ്കാണ് ഇവിടെയുള്ളത്.
ഈ ടാബുകൾക്ക് താഴെയായി മൂന്നു ചെറിയ വിന്റോകൾ കാണാം. ആദ്യത്തേതിൽ സൈബർ ജാലകം സൈറ്റിൽ വന്ന പുതിയ പോസ്റ്റുകളുടെ വിവരങ്ങളും, രണ്ടാമത്തേതിൽ ഗൂഗിൾ ബസിൽ വന്ന പുതിയ കുറിപ്പുകളുടെ ലിസ്റ്റുകളും, മൂന്നാമത്തേതിൽ ആദ്യാക്ഷരിയിലെ ഏറ്റവും പുതിയ പോസ്റ്റുകളുടെ വിവരങ്ങളും കാണാം.
ഈ വിന്റോകൾക്കു മുകളിലായി ബ്ലോഗ് പോസ്റ്റുകളെ തരംതിരിച്ച് കാണുവാനുള്ള ഫിൽറ്റർ കിട്ടും. ഡിഫോൾട്ടായി ജാലകം പേജ് തുറക്കുമ്പോൾ നാം കാണുന്നത് എല്ലാവിഭാഗത്തിലുമുള്ള പോസ്റ്റുകൾ ഒരുമിച്ചാണ്. ഇനി അതല്ലാതെ ഓരോ വിഭാഗത്തിലേയും പോസ്റ്റുകൾ വെവ്വേറെ കാണണം എന്നുണ്ടെങ്കിൽ അവിടെയുള്ള “ഡ്രോപ് ഡൗൺ മെനു” ക്ലിക്ക് ചെയ്യുക. അപ്പോൾ വിവിധ വിഭാഗങ്ങളുടെ പേരുകൾ തുറന്നുവരും. അതിൽ നിങ്ങൾ വായിക്കുവാൻ ആഗ്രഹിക്കുന്ന വിഭാഗത്തിന്റെ പേരിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ആ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന പോസ്റ്റുകളുടെ മാത്രം ലിസ്റ്റ് കാണാം. നിലവിലുള്ള വിഭാഗങ്ങൾ ഇനി പറയുന്നവയാണ്.
ഓരൊ പത്ത് മിനിട്ടിലും ജാലകത്തിന്റെ ക്രാളർ സോഫ്റ്റ്‌വെയർ ഓട്ടോമാറ്റിക്കായി റിഫ്രഷ് ആവുകയും ജാ‍ലകത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ ബ്ലോഗുകളുടെയും ഫീഡ് പരിശോധിച്ച് പുതിയ പോസ്റ്റുകൾ അവയിൽ പബ്ലീഷ് ചെയ്തിട്ടുണ്ടങ്കിൽ ആ പോസ്റ്റിനെ അഗ്ഗ്രിഗേറ്റർ പേജിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്ന വിധമാണ് ജാലകം രൂപകല്പന ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ ബ്ലോഗിലൊ സൈറ്റിലൊ ഒരു പുതിയ പോസ്റ്റ് പബ്ലീഷ് ചെയ്തു കഴിഞ്ഞാൽ ഏറ്റവും കൂടിയാൽ പത്ത് മിനിട്ടിനുള്ളീൽ ജാലകമെന്ന ഈ അഗ്രിഗേറ്ററിൽ നിങ്ങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്തിരിക്കും. ഇതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജാലകം രജിസ്ട്രേഷൻ:

നിങ്ങൾ പുതിയതായി ഒരു ബ്ലോഗ് നിർമ്മിച്ചു കഴിഞ്ഞാൽ അതിന്റെ യു.ആർ.എൽ ജാലകത്തിൽ രജിസ്റ്റർ ചെയ്യുക. അതിനുള്ള സ്റ്റെപ്പുകൾ ഇനി പറയുന്നു. ജാലകം ആഗ്രിഗേറ്റർ തുറന്ന് അതിന്റെ ഹോം പേജിൽ മുകളീൽ കാണുന്ന “രജിസ്റ്റർ” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ബ്ലോഗ് രജിസ്റ്റർ ചെയ്യുവാനുള്ള പേജിലേക്കെത്താം.

 

 

ആദ്യത്തെ ഫീൽഡിൽ നിങ്ങളുടെ ബ്ലോഗിന്റെ / വെബ്‌സൈറ്റിന്റെ യു.ആർ.എൽ കൃത്യമായി എഴുതുക. (ഉദാഹരണം  http://xxxxx.blogspto.com). Next ബട്ടൺ ക്ലിക്ക് ചെയ്യു. ഇനി രണ്ട് വിവരങ്ങൾ കൂടി എഴുതുവാനുണ്ട്. നിങ്ങളുടെ ബ്ലോഗിന്റെ പേര്, നിങ്ങളുടെ പേര്. അതുകഴിഞ്ഞ് രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗ്/സൈറ്റ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെടുകയും പുതിയ പോസ്റ്റുകളിടുന്ന മുറക്ക് അവ ജാലകത്തിൽ ലിസ്റ്റ് ചെയ്ത് വരികയും ചെയ്യും. മാത്രമല്ല രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ ക്രാളർ നിങ്ങളുടെ ഫീഡ് പരിശോധിക്കുകയും ഏറ്റവും അവസാനമായി നിങ്ങൾ പബ്ലീഷ് ചെയ്ത പോസ്റ്റ് തീയതി അടിസ്ഥാനത്തിൽ അഗ്രിഗേറ്ററിൽ കാണിക്കുകയും ചെയ്യും.

 

രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ ഒരു എച്.ടി.എം.എൽ കോഡ് ജാലകം നിങ്ങൾക്ക് നൽകും. ആ കോഡ് അതുപോലെ കോപ്പി ചെയ്ത് ഒരു html/java script ഗാഡ്ജറ്റ് ആയി നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക. ഈ ഗാഡ്ജറ്റ് ചേർക്കുന്നതെങ്ങനെ എന്ന് അറിയാൻ പാടില്ലാത്തവർ ഈ അദ്ധ്യായംനോക്കൂ.  ഈ സ്ക്രിപ്റ്റാണ് നിങ്ങളുടെ ബ്ലോഗിൽ നിന്നുതന്നെ പുതിയ പോസ്റ്റുകളെ ജാലകത്തിൽ ഉടൻ റിഫ്രഷ് ചെയ്യുവാനുള്ള സ്വിച്ചായി ഉപകാരപ്പെടുന്നത്.

നിങ്ങളുടെ ബ്ലോഗിൽ ഒരു സ്വിച്ച്:

ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ ബ്ലോഗുകളിൽ നിന്നും ഒരോ പത്തുമിനിറ്റിലും ജാ‍ലകം ക്രാളർ പുതിയ പോസ്റ്റുകൾ ഉണ്ടോ എന്നു പരിശോധിക്കാറുണ്ട്. എങ്കിലും ചിലപ്പോൾ നിങ്ങളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടാതെ വന്നിട്ടുണ്ടെങ്കിൽ മാനുവലായി നിങ്ങൾക്ക് ഇത് ലിസ്റ്റ് ചെയ്യിക്കാനാണ് മേൽ‌പ്പറഞ്ഞ സ്വിച്ച് ഉപയോഗിക്കാവുന്നത്.  ഇത് ഈ ആഗ്രിഗേറ്ററിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. നിങ്ങളുടെ ബ്ലോഗുകളിൽ ഈ വിഡ്ജറ്റ് ചേർക്കുവാൻ മറക്കാതെയിരിക്കുക.

 

എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ വിഡ്ജറ്റ് കോഡ് ജാലകത്തിൽ നിന്നും എടുക്കാവുന്നതാണ്. അതിനായി ജാലകം ഹോം പേജിലെ Get widget code എന്ന ടാബ് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *

13 − six =