കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള പ്രത്യേക പദ്ധതിയുമായി രംഗത്തെത്തി. മൂന്നു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് പദ്ധതി അവതരിപ്പിക്കുമെന്ന് എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. 

പത്തു വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാനും എ.ടി.എം., ചെക്ക് ബുക്ക് തുടങ്ങിയവ ഉപയോഗിക്കാനും ചൊവ്വാഴ്ചയാണ് ആര്‍.ബി.ഐ. അനുമതിയായത്. ഇതുവരെ അമ്മമാരെ രക്ഷാകര്‍ത്താക്കളായി കാണിച്ചുകൊണ്ടു മാത്രമേ ബാങ്ക് നിക്ഷേപം നടത്താന്‍ കുട്ടികളെ അനുവദിച്ചിരുന്നുള്ളൂ. കൂടുതല്‍ പേരിലേക്ക് ബാങ്കിങ് സേവനമെത്തിക്കാനുള്ള ‘ധനകാര്യ ഉള്‍ക്കൊള്ളിക്കല്‍’ പദ്ധതിയുടെ ഭാഗമായാണ് ആര്‍.ബി.ഐ.യുടെ പുതിയ വ്യവസ്ഥ. 

ഇന്റര്‍നെറ്റ് ബാങ്കിങ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് അനുവദിക്കാമെന്നും ആര്‍.ബി.ഐ. പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അക്കൗണ്ട് ആരംഭിക്കാന്‍ അനുവദിക്കുമെങ്കിലും ഓവര്‍ഡ്രാഫ്റ്റിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാല്‍, നിക്ഷേപങ്ങള്‍ക്ക് നിയന്ത്രമുണ്ടാവില്ല. 

Leave a Reply

Your email address will not be published. Required fields are marked *