ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത ആഗസ്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പുതന്നെ ഐഫോണ്‍ 6 രംഗത്തെത്തുമെന്ന്, വിശ്വസനീയകേന്ദ്രങ്ങളെ ഉദ്ധരിച്ച് തയ്‌വാനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഐഫോണ്‍ 6 (iPhone 6 ) ന്റെ സ്‌ക്രീന്‍ വലിപ്പം 4.7 ഇഞ്ചായിരിക്കുമെന്നും ‘എക്കണോമിസ്റ്റ് ഡെയ്‌ലി ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഏത് രാജ്യത്താകും ഐഫോണ്‍ 6 ആദ്യം വില്‍പ്പനയ്‌ക്കെത്തുകയെന്ന് വ്യക്തമല്ല.

4.7 ഇഞ്ച് ഐഫോണ്‍ പുറത്തിറക്കുന്നതിന് പിന്നാലെ, ഐഫോണിന്റെ 5.5 ഇഞ്ച്, 5.6 ഇഞ്ച് വേര്‍ഷനുകള്‍ കൂടി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. സപ്തംബറിലായിരിക്കുമത്രേ സ്‌ക്രീന്‍ വലിപ്പം കൂടിയ ഐഫോണുകള്‍ വിപണിയിലെത്തുക.

ആപ്പിളിനായി ഡിസ്‌പ്ലെ ഉള്‍പ്പടെയുള്ളവ നിര്‍മിച്ചുനല്‍കുന്ന സപ്ലേ ചെയിനുമായി ബന്ധപ്പെട്ടവര്‍ നേരത്തെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നതാണ്. 4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവും, 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവുമുള്ള രണ്ട് ഐഫോണ്‍ 6 വേര്‍ഷനുകളുണ്ടാകുമെന്ന്, അവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐഫോണ്‍ 5എസിന്റെ ഡിസ്‌പ്ലേ നാലിഞ്ചാണ്. സ്‌ക്രീന്‍ വലിപ്പം വര്‍ധിക്കുന്നതോടെ, സാംസങ് പോലുള്ള എതിരാളികളോട് മികച്ച മത്സരം കാഴ്ച്ചവെയ്ക്കാന്‍ ആപ്പിളിനാകും. ഉപയോക്താക്കളുടെ വ്യത്യസ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സ്‌ക്രീന്‍വലിപ്പമുള്ള ഫോണുകള്‍ രംഗത്തെത്തിച്ചാണ് സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മേല്‍കൈ നേടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *