നിങ്ങൾക്ക് ക്യാൻസറിന് എതിരായ ഏറ്റവും പുതിയ മരുന്ന് സൌജന്യമായി നൽകിയെന്നു കരുതുക, നിങ്ങൾ എത്ര പേർ അത് മുടങ്ങാതെ കഴിക്കും? രണ്ടോ മൂന്നോ ദിവസം കഴിക്കും. പിന്നെ അത് ആരു തിരിഞ്ഞു നോക്കാൻ. എന്നാൽ പച്ചവെള്ളം നല്ല കുപ്പിയിൽ ആക്കി ക്യാൻസറിനുള്ള മരുന്നാണെന്നും പറഞ്ഞ് ഒരു ആയിരം രൂപ വിലയീടാക്കി തന്നാലോ? എല്ലാവരും മുടങ്ങാതെ കഴിക്കും. എന്നാൽ ഇത്രയും വിലയാണല്ലോ എന്ന ഒരു സങ്കടം ഉള്ളിൽ കാണും. എന്നാൽ അതുതന്നെ രണ്ടായിരം രൂപയുടെ സ്റ്റിക്കർ ഒട്ടിച്ച് ആയിരം രൂപ ഡിസ്കൌണ്ട് നൽകിയാലോ? വളരെ സന്തോഷം. ഇനി ഇതേ പച്ചവെള്ളത്തിന് ആകർഷകമായ ഒരു ടിവി പരസ്യവും ഉണ്ടെങ്കിലോ? വളരെ സന്തോഷം. വില പതിനായിരം ആയാലും കുഴപ്പമില്ലെന്നു മാത്രമല്ല, ഇത്രയും നല്ല ഉല്പന്നം കണ്ടെത്തിയ ആ കമ്പനിയെ പ്രകീർത്തിച്ചു ഒരു കവിതയെഴുതാനും നമ്മൾ തയ്യാർ.

സൌജന്യമായി കിട്ടുന്നത്തിനൊന്നും ഒരു ഗുണമേന്മ ഉണ്ടാകില്ലെന്ന ഒരു മിധ്യാധാരണ നമ്മുടെ മനസിൽ എങ്ങനെയോ രൂപപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ ലിനക്സിന് നമുക്കിടയിൽ പ്രചാരം കിട്ടാതിരിക്കാൻ കാരണം എന്താണ്? വിൻഡോസിനേക്കാൾ ഏറെ മെച്ചപ്പെട്ട ലിനക്സ് സൌജന്യമായി ലഭിച്ചിട്ടും അയ്യായിരം രൂപയോളം കൊടുത്ത് വിൻഡോസ് ഉപയോഗിക്കണമെങ്കിൽ അതിന്റെ കാരണം മേൽപറഞ്ഞ ധാരണയല്ലാതെ മറ്റെന്താണ്? ഇപ്പോൾ നിങ്ങൾ പറയും “അതിനു ആരു പണം കൊടുത്ത് വിൻഡോസ് വാങ്ങുന്നു? ഇത് പൈറേറ്റഡ് അല്ലേ” എന്ന്. എന്നാൽ നിങ്ങളിൽ കുറെപേർ എങ്കിലും പണം കൊടുത്ത് വിൻഡോസ് വാങ്ങുന്നതിനായിരിക്കും ലിനക്സിലേക്ക് മാറുന്നതിനേക്കാൾ താല്പര്യപ്പെടുക.

ലിനക്സിനോട് ഇത്തരം ഒരു അപ്രിയം രൂപപ്പെടാൻ കാരണങ്ങൾ ഇല്ലെന്നു പറയുന്നില്ല, എന്നാൽ അതിന്റെ സവിശേഷതകളുമായി താരതമ്യം ചെയ്യുമ്പോൾ ആ ന്യൂനതകൾ വളരെ ചെറുതാണ്.  കേരളത്തിൽ കമ്പ്യൂട്ടർ കൂടുതലായി പ്രചാരത്തിൽ വരുന്നത് 2000 ത്തിനു ശേഷമാണ് തുടർന്ന് ഒരു 2003കളിലാണ് ആളുകൾ ഓപ്പൺ സോഴ്സിലേക്ക് മാറുന്നതിനെക്കുറിച്ചും മറ്റും ചിന്തിച്ച് തുടങ്ങിയത്. മാധ്യമങ്ങൾ ആവശ്യത്തിനു പിന്തുണ ആ ഉദ്യമത്തിനു നൽകുകയും ചെയ്തു. കുറെ പേർ എങ്കിലും ആ ഘട്ടത്തിൽ ലിനക്സ് പരീക്ഷിച്ച് നോക്കിയിരുന്നു. ഉപയോഗത്തിനു ഉണ്ടായിരുന്ന ചില ബുദ്ധിമുട്ടുകളും പിന്നെ മൈക്രോസോഫ്റ്റ് പൈറസിക്കെതിരെ ശക്തമായി രംഗത്ത് ഇറങ്ങാതിരുന്നതും കാരണം കുറെ പേരെങ്കിലും തിരിച്ച് വിൻഡോസിലേക്ക് പോവുകയും പിന്നീട് അത്തരം ശക്തമായ പ്രചരണങ്ങൾ കെട്ടടങ്ങി പോവുകയുമാണ് ഉണ്ടായത്.

ലിനക്സ് ആദ്യഘട്ടത്തിൽ പരാജയപ്പെടുവാൻ ഉണ്ടായ കാരണങ്ങൾ എന്തെല്ലാമാണ് എന്നു പരിശോധിക്കാം. വിൻഡോസിന്റെ ശക്തവും, യൂസർ ഫ്രൻഡ്ലിയുമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തോട് ഏറ്റുമുട്ടി ജയിക്കാനുള്ള കരുത്ത് ലിനക്സ് അന്ന് നേടിയിരുന്നില്ല എന്നുള്ളത് ഏവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. റെഡ്ഹാറ്റ്, ഫെഡോറ, ഓപ്പൺ സ്യുസ് എന്നിങ്ങനെ വിവിധ പേരുകളിൽ ഓരോ കമ്പനികളുടെയും മോഡിഫിക്കേഷനോടെയാണ് വിവിധ ലിനക്സ് വെർഷനുകൾ പുറത്തിറങ്ങിയിരുന്നത്. ലോകത്തുള്ള ആകെ കമ്പ്യൂട്ടറുകളേക്കാൾ കൂടുതൽ ലിനക്സ് വേർഷനുകൾ ഉണ്ടെന്നുള്ളത് അക്കാലത്ത് ഇറങ്ങിയ ഒരു തമാശയാണ്. എന്നാൽ ഈ കമ്പനികൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉള്ളത്തിന്റെ 4 മടങ്ങ് ശക്തമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നമുക്ക് ലഭിച്ചേനെ. ഇതാണല്ലോ ആൻഡ്രോയിഡിന്റെ വിജയത്തിന് കാരണവും.

അതുപോലെ തന്നെ ലിനക്സിനുവേണ്ടിയുള്ള അപ്ലിക്കേഷനുകളുടെ എണ്ണത്തിലുള്ള കുറവും ഇതിന്റെ പ്രചാരത്തിന് ഒരു വലിയ തടസമായിരുന്നു. മൈക്രോസോഫ്റ്റ് ഓഫീസ്, ഫോട്ടോഷോപ്പ്, പേജ്മേക്കർ എന്നിങ്ങനെ ജനപ്രിയ ആപ്ലിക്കേഷനുകളുടെ ലിനക്സ് വേർഷൻ ഇല്ലാത്തിരുന്നത് കാര്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നവരിൽ ലിനക്സ് ഉപയോഗശൂന്യമാണെന്ന തോന്നൽ ഉളവാക്കി. ആപ്ലിക്കേഷനുകൾ ഡെവലപ് ചെയ്തിട്ടുണ്ടെങ്കിലും അതു യൂസറിലേക്ക് എത്തിക്കുക എന്നുള്ളതും ഒരു വലിയ കടമ്പ തന്നെയായിരുന്നു. വിൻഡോസിനുവേണ്ട ആപ്ലിക്കേഷനുകൾ എല്ലാവരുടെയും കൈയ്യിൽ സുലഭമായി ഉള്ളപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവൻ അതിനു വേണ്ടി മുഴുവൻ സുഹൃത്തുക്കളുടെയും വാതിലിൽ മുട്ടിയാലും ഗുണമുണ്ടാ‍കില്ല. ലിനക്സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവ് തന്നെ പ്രധാന കാരണം. അന്നത്തെ ‘ബ്രോഡ്ബാൻഡ്’ സൌകര്യങ്ങൾ ഉപയോഗിച്ച് ഒരു സോഫ്റ്റ് വെയർ ഡൌൺലോഡ് ചെയ്യുന്നതിലും ഭേദം തിരിച്ച് വിൻഡോസിലേക്ക് മാറുന്നതാണെന്ന് ആ‍ളുകൾ ചിന്തിച്ചെങ്കിലവരെ കുറ്റം പറയാനൊക്കില്ല.

അന്ന് ലിനക്സ് ഇറങ്ങിയിരുന്നത് ഫ്രീവെയർ എന്നതിലുപരി ഓപ്പൺ സോഴ്സ് എന്ന നിലയിൽ ആയിരുന്നു. അതായത് സോഫ്റ്റ് വെയറിനൊപ്പം അതിന്റെ സോഴ്സ് കോഡ് നിങ്ങൾക്ക് ലഭിക്കും, അതിൽ എന്ത് മാറ്റം വരുത്താനും നിങ്ങൾക്ക് അവകാശം ഉണ്ടായിരിക്കും. സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ സോഴ്സ്കോഡിന് എന്ത് പ്രസക്തി? അഷ്ടിക്കു വകയില്ലാത്തവനോട് അമേരിക്കൻ ഹോട്ടലിൽ രണ്ടു ദിവസത്തെ താമസം സൌജന്യമായി തരാം എന്നു പറയുന്നപോലെ കേൽക്കുമ്പോൾ സുഖം തോന്നുമെങ്കിലും തീർത്തും നിഷ് പ്രയോജങ്കരമായ ഒരു വാഗ്ദാനമാണ് ഈ സോഴ്സ് കോഡ് നൽകൽ. ഒപ്പം ലിനക്സിന്റെ മുഖമുദ്രയായ സുരക്ഷിതത്വം കുറച്ചുപേർക്കെങ്കിലും ഒരു അനാവശ്യമായി തോന്നി. ലിനക്സിന്റെ ഡീഫാൾട്ട് യൂസർനെയിമും, പാസ്സ് വേഡും അറിയാത്തതിനാൽ ഇൻസ്റ്റാൾ ചെയ്ത് ഒരു പ്രാവശ്യമെങ്കിലും അതിൽ ലോഗിൻ ചെയാതെ ഫോർമാറ്റ് ചെയ്ത്ർ നിരവധിയാണ്.

കൂടാതെ മിക്കവരും പേരിന് ലിനക്സ് ഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമെങ്കിൽ പഠിക്കാം എന്ന രീതിയിൽ ഉപയോഗം വിൻഡോസിൽ തുടരുകയും ചെയ്തു. ലിനക്സ് സിഡികൾ വിതരണം ചെയ്യാനും, സെമിനാ‍ർ എടുക്കാൻ നടന്നവർ ഒന്നും തന്നെ ഇത് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന കാര്യത്തിൽ ആവശ്യമായ ശ്രദ്ധ ചെലുത്തിയില്ല. നമ്മളെ മുഴുവൻ കമ്പ്യൂട്ടർ സാക്ഷരരാക്കിയ നാട്ടിലെ പതിനായിരക്കണക്കിന് കമ്പ്യൂട്ടർ സെന്ററുകളും ലിനക്സിന് ആവശ്യമായ പരിഗണന നൽകിയില്ല.   മറ്റൊരു വലിയ ന്യൂനത ഉണ്ടായിരുന്നത് ഡ്രൈവറുകളുടെ അഭാവമാണ്. സത്യത്തിൽ ഡ്രൈവറുകളുടെ കാര്യത്തിൽ വിൻഡോസ് ലിനക്സിനേക്കാൾ ഏറെ പിന്നിലായിരുന്നെങ്കിലും, ഉപകരണം വാങ്ങുമ്പോൾ ഒപ്പം കിട്ടുന്ന സിഡി അതെല്ലാം പരിഹരിച്ചിരുന്നു. എന്നാൽ ഈ ഡ്രൈവറുകളുടെ ലിനക്സ് വെർഷൻ ഉൾപ്പെടുത്താതിരുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരണ നിർമ്മാതാക്കളും ലിനക്സിന്റെ പതനത്തിന് ആക്കം കൂട്ടി. ഒപ്പം മൈക്രോസോഫ്റ്റിന്റെ മികച്ച മാർക്കറ്റിങ്ങ് തന്ത്രങ്ങളും കൂടിയായപ്പോൾ ലിനക്സ് തീർത്തും പരാജയപ്പെട്ടു.

എന്തൊക്കെ ന്യൂനതകൾ ചൂണ്ടികാണിച്ചാലും ലിനക്സിന്റെ സെക്യൂരിറ്റി ആർക്കും തള്ളികളയാൻ ആകില്ല. സാധാരണ പേഴ്സണൽ കമ്പ്യൂട്ടർ ഉപയോക്താക്കൾക്കിടയിൽ ലിനക്സ് ഒരു പരാജയമായിരുന്നെങ്കിലും സെർവർ കമ്പ്യൂ‍ട്ടറുകളും, കോർപ്പറേറ്റ് കമ്പനികളും ഏതാണ്ട് പൂർണ്ണമായിത്തന്നെ ലിനക്സിലേക്ക് മാറി എന്നുള്ളതാണ് യാധാർഥ്യം. അതുകൊണ്ട് പൂർണ്ണമായില്ല. ആകെ കമ്പ്യൂട്ടറുകളൂടെ 90 ശതമാനം വരുന്ന പേഴ്സണൽ കമ്പ്യൂട്ടർ ഉപയോക്താക്കൾ കൂടി പരിഗണിച്ചാൽ മാത്രമേ ലിനക്സ് അതിന്റെ ലക്ഷ്യത്തെ സാക്ഷാൽക്കരിക്കൂ. പുതു തലമുറ ലിനക്സ് വേർഷനുകൾ വരുന്നത് വളരെ സുരക്ഷിതത്തോടും, മികച്ച ഗ്രാഫിക്കൽ ഇന്റർഫേസോടും കൂടിയാണ്. ഓപ്പൺ സോഴ്സിന്റെ ആവശ്യകത മനസിലാക്കുന്ന കാലത്ത് ആളുകൽ ലിനക്സിലേക്ക് ചുവടുമാറ്റം നടത്തുമെന്ന് കരുതാം

Leave a Reply

Your email address will not be published. Required fields are marked *