സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങും. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സി.ഡി.വഴിയോ ഓണ്‍ലൈനായോ അപ്‌ഗ്രേഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ പിന്തുണ നിലച്ചതോടെ ബുദ്ധിമുട്ടിലായ വിന്‍ഡോസ് എക്‌സ്. പി. ഉപയോക്താക്കള്‍ക്ക് മാറ്റത്തിനുള്ള നല്ല അവസരമാണിത്. വിന്‍ഡോസ് നഷ്ടപ്പെടുത്താതെ തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.

ലിനക്‌സ് കേര്‍ണലിന്റെ 3.13.6 എന്ന പതിപ്പാണ് ഉബുണ്ടു 14.04 ല്‍ ഉപയോഗിച്ചിട്ടുള്ളത്. ടച്ച്‌സ്‌ക്രീന്‍ ഫോണുകളെ അനുസ്മരിപ്പിക്കുന്ന ഇന്റര്‍ഫെയ്‌സാണ് ഇതിന്. അത് ഇഷ്ടമല്ലാത്തവര്‍ക്കായി പഴയ ഇന്‍ര്‍ഫെയ്‌സുമുണ്ട്. ഇങ്ങനെയൊരു മടങ്ങിപ്പോക്ക് അനുവദിക്കാത്തതാണ് വിന്‍ഡോസ് 8 ന് പ്രചാരം കുറയാന്‍ കാരണം എന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. അമേരിക്ക ആസ്ഥാനമായ ‘കനോനിക്കല്‍’ ആണിത് പുറത്തിറക്കുന്നത്.

മൊബൈല്‍ഫോണുകളില്‍ ആന്‍ഡ്രോയിഡ് തരംഗമായതുപോലെ ഉബുണ്ടുവും അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഡെല്‍ അടക്കമുള്ള കമ്പനികള്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ വില്‍ക്കുന്നു.

ലോകത്തെ ഏറ്റവും വേഗമേറിയ 500 സൂപ്പര്‍ കമ്പ്യൂട്ടറുകളും മൊത്തം വെബ്‌സേര്‍വറുകളില്‍ അറുപത് ശതമാനവും ഗ്നു/ലിനക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ പ്രചാരമുള്ള ഗ്നു/ലിനക്‌സ് പതിപ്പാണ് ഉബുണ്ടു.

വൈറസ്സിനെ ഭയക്കേണ്ട, നാല്പതിനായിരത്തോളം സൗജന്യ സോഫ്റ്റ്‌വേര്‍ പാക്കേജുകള്‍, വേഗം എന്നിവയാണ് ഉബുണ്ടുവിന്റെ മുഖ്യ സവിശേഷതകള്‍.

ഉബുണ്ടു പുതിയ പതിപ്പിനൊപ്പം ഉബുണ്ടു സെര്‍വര്‍, എജ്യുബുണ്ടു, കുബുണ്ടു, ലുബുണ്ടു, ഉബുണ്ടു ഗ്നാം, ഉബുണ്ടു കൈലിന്‍, ഉബുണ്ടു സ്റ്റുഡിയോ, എക്‌സ് ഉബുണ്ടു എന്നിവയുടേയും പുതിയ പതിപ്പുകളും പുറത്തിറങ്ങും.

എല്‍.ടി. എസ്. (Long term support) പതിപ്പായ ഉബുണ്ടു 14.04 ന് 2019 വരെ കമ്പനി പിന്തുണ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *